തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ് ആർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി.
ആരെങ്കിലും നാളെ കെ എസ് ആർ ടി സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു.

കെ എസ് ആർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു.
അതിനിടെ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ വാദമടക്കം തെറ്റാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സി ഐ ടി യു അടക്കമുള്ള യൂണിയനുകൾ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേതാക്കൾ പുറത്തുവിട്ടു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആർ ടി സി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്.
Thiruvanaththapuram