കേളകം : മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദ സഞ്ചാരിൾ ക്കും പ്രിയങ്കരമാകുന്നു. ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചി മലയുടെ താഴ്വാരങ്ങളും അയൽ ഗ്രാമങ്ങളും ഇപ്പോൾ മഞ്ഞൊഴുകുന്ന പ്രദേശങ്ങളാണ്. താഴ്വാരത്തെ കുടിയേറ്റ കർഷകരുടെ കേന്ദ്രമായ അടക്കാത്തോട് ടൗണും വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി. വിനോദ സഞ്ചാര കേന്ദ്രമായ പാലുകാച്ചിമലയുടെ സമീപ ഗ്രാമങ്ങളായ ശാന്തിഗിരി, പന്യാം മല, രാമച്ചി മോസ്കോ പ്രദേശങ്ങളിലെ പ്രകൃതി സൗന്ദര്യ മറിഞ്ഞ് ദൂരദിക്കുകളിൽ നിന്നുള്ള നിരവധി പേർ വീടും കൃഷിഭൂമികളും വാങ്ങിക്കൂട്ടുന്നുണ്ട്.
ടൗൺപ്രദേശങ്ങളിലെ ജീവിതത്തിരക്കിൽ നിന്നും അശ്യാസത്തിൻ്റെ കുളിരണിയാനാണ് പലരും മലയോരത്തെ ഇടങ്ങൾ സ്വന്തമാക്കുന്നത്. പശ്ചിമഘട്ട മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും നിരവധിയുള്ള പ്രദേശമാണ് ഈ മേഖല. സമീപ പ്രദേശമായ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം പ്രദേശങ്ങളും, കണ്ണൂരിൻ്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴ ജലാശയവും ,ജൈവ വൈവിധ്യങ്ങളുടെ നിറകുടവും, ജന്തുജീവജാലങ്ങളുടെ നിറസാന്നിധ്യമുള്ള ആറളം വന്യജീവി സങ്കേതവും കോർത്തിണക്കിയുള്ള പരിസ്ഥിതി സൗഹൃദ വിനോദ കേന്ദ്രം കൂടിയാണ് മലയോരം.
Kelakam