കണ്ണൂർ :കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 5000 ത്തോളം എൻ എസ് എസ് വളണ്ടിയർമാർ സാക്ഷരതാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, തീരദേശക്കാര്‍ തുടങ്ങിയവര്‍ കൂടുതലായി ഉള്ള ജില്ലകളിലെ സാക്ഷരത നിരക്കിന്റെ കുറവ് പരിഹരിച്ച് കേരളത്തെ പരിപൂര്‍ണ്ണ സാക്ഷരതയില്‍ എത്തിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകുകയാണ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍. ദേശീയ സാക്ഷരതാമിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂർ ജില്ലയിലെ എണ്ണായിരം പേരെ സാക്ഷരരാക്കി മാറ്റാനാണ് തീരുമാനം. നിലവില്‍ 97.8 ശതമാനമാണ് കണ്ണൂര്‍ ജില്ലയുടെ സാക്ഷരതാ നിരക്ക്. ഇത് 100 ശതമാനമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ക്യാമ്പസുകളിലെ വിദ്യാർഥികളാണ് സാക്ഷരത ജനകീയ ക്യാമ്പയിനിന്റെ ഭാഗമാകുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് യുജിസിയും യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ എൻ എസ് എസ് യൂണിറ്റുകളിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നൽകും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഓരോ പ്രദേശത്തും സര്‍വ്വേ നടത്തി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും. തുടര്‍ന്ന് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അവരെ മികവുത്സവത്തിലേക്ക് കൊണ്ടുവരും. 15 വയസ്സിന് മുകളിലുള്ള നിരക്ഷരരെയാണ് പഠിതാക്കളായി കണ്ടെത്തുക. പ്രായമായവർക്കും ക്ലാസിൽ പോകാൻ കഴിയാത്തവർക്കു വീടുകളിലെത്തി പരിശീലനം നൽകും. പരീക്ഷയെഴുതി വിജയിക്കുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എംബ്ലത്തോടെയുള്ള ആധികാരിക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പദ്ധതിയില്‍ പങ്കാളികളാകുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കണ്ണൂര്‍ ജില്ലയിലെ എസ് എന്‍ കോളേജ് കണ്ണൂര്‍, നിര്‍മ്മലഗിരി കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്,എംഇഎസ് കോളേജ് കൂത്തുപറമ്പ്, മലബാര്‍ കോളേജ് പേരാവൂര്‍, മാടായി കോ-ഓപ്പറേറ്റീവ് കോളേജ്, എസ് ഇ എസ് കോളേജ് ശ്രീകണ്ഠാപുരം, പയ്യന്നൂര്‍ കോളേജ്, നെഹര്‍ കോളേജ് കാഞ്ഞിരങ്ങാട്, ഗവ കോളേജ് ചൊക്ലി, എംജി കോളേജ് ചെണ്ടയാട് തുടങ്ങിയ കോളേജുകള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ സുജിത്ത്, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍, എന്‍എസ്എസ് ജില്ലാ കോ ഓർഡിനേറ്റര്‍ ഡോ കെ.പി നിതീഷ് എന്നിവരാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
അടിസ്ഥാന സാക്ഷരത, സംഖ്യാജ്ഞാനം എന്നിവയ്ക്കുപുറമേ തുടര്‍സാക്ഷരതയും, ജീവിത- തൊഴില്‍ നൈപുണ്യ വികസനവും പദ്ധതിയുടെ ഭാഗമായതിനാല്‍ വാര്‍ഡ്തല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ നേതൃത്വം നല്‍കിവരുന്നുണ്ട്. ഇവർക്കൊപ്പം സാക്ഷരതാ ജനകീയ ക്യാമ്പയിനിൽ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കൂടി എത്തുന്നതോടെ കേരളത്തിന്റെ പരിപൂര്‍ണ സാക്ഷരത എന്ന ലക്ഷ്യപ്രാപ്തിക്ക് വേഗം കൂടും.
kannur