കോളയാട്: കടുവയും, പുലികളും, കാട്ടുപന്നികളും, കാട്ടാനകളും മലയിറങ്ങുന്ന മലയോരത്ത് കാട്ട് പോത്തുകളും വട്ടമിട്ടതോടെ ജനജീവിതം കടുത്തഭീതിയിലായി. കോളയാട് ,കണ്ണവം, ചിറ്റാരിപ്പറമ്പ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കാട്ട് പോത്തുകളുടെ വിഹാരം .കഴിഞ്ഞ കൊല്ലം മാർച്ച് മാസത്തിൽ കോളയാട് പഞ്ചായത്തിലെ കറ്റ്യാടിന് സമീപം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.. കണ്ണവം വനത്തിൻ്റെ പരിധിയിലെ കൊമ്മേരി കറ്റ്യാടിന് സമീപം പുത്തലത്ത് ഗോവിന്ദൻ (98) ആണ് വീടിന് സമീപത്തെ കോൺക്രീറ്റ് റോഡിലൂടെ പ്രഭാത നടത്തത്തിന് ഇടയിൽ കാട്ട് പോത്ത് അക്രമിച്ച് കൊന്നത്.
കോളയാട് പെരുവയിൽ കാട്ട് പോത്തുകൾ വിഹരിക്കുന്നത് പതിവാണ്. മുമ്പ് കൊട്ടിയൂർ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ട് പോത്തുകൾ കൂട്ടമായി എത്താറുണ്ടായിരുന്നു. മലയോരഗ്രാമങ്ങളിൽ കടുവ , പുലി, കാട്ട് പന്നി, കാട്ട് പോത്ത്, കാട്ടാന തുടങ്ങിയ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവായതോടെ ഭീതിയിലാണ് മലയോരജനതയും . ആറളം ,കൊട്ടിയൂർ, വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പയത്തോട്,ചപ്പമല, നെല്ലിയോടി, പേരാവൂരിന് സമീപം എടത്തൊട്ടി, കാഞ്ഞിരപ്പുഴ പ്രദേശങ്ങളിലെ ജനങ്ങളാണ് കടുവ, പുലിപ്പേടിയിൽ കഴിയുന്നത്. പ്രധാന പാതകളിൽ പോലും വന്യജീവികളുടെ വിഹാരമായതോടെ പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണിപ്പോൾ.
കടുവയും, പുലിയും,കാട്ട് പന്നികളും ജനജീവിതം ദുസ്സഹമാക്കിയപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത് കർഷകരും, കർഷക തൊഴിലാളികളുമാണ്. ജനവാസ മേഖലകളിൽ കടുവയെ കണ്ടെത്തിയിട്ടും അധികൃതർ ഗൗരവത്തോടെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും, ആറളം ഫാമിലെ നൂറ് കണക്കിന് തൊഴിലാളികളും.
കോളയാട് പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലും, ചിറ്റാരിപറമ്പയിലും കാട്ട് പോത്തിൻ്റെ വിഹാരം കൂടിയായതോടെ ജനവാസ മേഖലകൾ വന്യ ജീവികളുടെ സങ്കേതങ്ങളായി മാറി.
With tigers, tigers, wild boars, wild elephants and wild buffaloes circling the hills descending the mountain, people's lives were in dire straits.