പ്രസവ പരിചരണ വിഭാഗം; അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും: മന്ത്രി വീണാ ജോര്‍ജ്ജ്.

പ്രസവ പരിചരണ വിഭാഗം; അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും: മന്ത്രി വീണാ ജോര്‍ജ്ജ്.
May 28, 2023 09:29 PM | By Daniya

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണ വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് ആശ്രയമാണ്.

മികച്ച ചികിത്സയും സൗകര്യവും ഒരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സൗര ആശുപത്രി പദ്ധതി - സോളാര്‍ പ്ലാന്റ്, ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാഷ്വാലിറ്റി ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍, ലിഫ്റ്റുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്യാന്‍സര്‍ കീമോതെറാപ്പി യൂണിറ്റ്, ഭിന്നശേഷി കുട്ടികളുടെ ഫിസിയോതെറാപ്പി യൂണിറ്റ്, റിങ് റോഡ്, ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, വേങ്ങൂര്‍ അര്‍ബന്‍ പി.എച്ച്.എസ്.സി പോളിക്ലിനിക് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

അഞ്ചുകോടി രൂപ ചെലവിലാണ് അത്യാഹിത വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററും നവീകരിച്ചത്. ഓര്‍ത്തോ ജനറല്‍ സര്‍ജറി എന്നിവയ്ക്ക് പ്രത്യേകം തിയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്‍.എച്ച്.എം ഫണ്ടില്‍ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 14.5 ലക്ഷം രൂപ ചെലവില്‍ അഞ്ച് കിടക്കകളുള്ള ക്യാന്‍സര്‍ സെന്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 51 ലക്ഷം ചെലവില്‍ല്‍ കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവയും നിര്‍മ്മിച്ചു. പൊതുമരാമത്തിന്റെ 1.10 കോടി വിനിയോഗിച്ചാണ് റിങ് റോഡ് നിര്‍മ്മിച്ചത്.

ആരോഗ്യ കേരളം ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം. നാല് ലക്ഷം രൂപ വിനിയോഗിച്ച് ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റും നിര്‍മ്മിച്ചു. കെ.എസ്.ഇ.ബിയുടെ സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 166 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

maternity care unit; Infrastructure will be expanded: Minister Veena George

Next TV

Related Stories
Top Stories










News Roundup