കെ.എസ്.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളേജിൽ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി എല്ലാ വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ച് കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധർമ്മടം എസ്.ഐ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെ.എസ്.യു നേതാക്കൾക്ക് ഉറപ്പ് നൽകി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ,ഹരികൃഷ്ണൻ പാളാട്,നമിത കെ,ജിതിൻ ഒ.ആർ,റിസ്വാൻ സി.എച്ച്,ആദർശ് കൊതേരി,അനുരുദ്ധ് തലശ്ശേരി,നിഹാൽ, സൂര്യതേജ്,അമൽ സാജ്,സ്നേഹ കുന്നോത്ത്പറമ്പ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. ക്യാമ്പസുകളിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് കെ.എസ്.യു നേതൃത്വം നൽകുമെന്നും സി.പി.എം കേന്ദ്രങ്ങളിലെ കോളേജുകളിലും സ്കൂളുകളിലും സ്ഥാപിക്കുന്ന കൊടിമരങ്ങളും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും കഴിഞ്ഞ ദിവസം കണ്ണൂർ ചേലോറയിൽ കെ.എസ്.യു നേതാക്കൾക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.
Brehannancollege