കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് സുമിന്‍ ആണ് പിടിയിലായത്.
മിമിക്രി കലാകാരന്‍മാരുടെ സംഘടന അവരുടെ ഓഫീസ് തുടങ്ങുന്നതിനായി ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇതിനായാണ് സുമിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ സുമിന്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് 900 രൂപ വാങ്ങി. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 2,000 രൂപ കൂടി വേണമെന്നായിരുന്നു സുമിന്റെ ആവശ്യം. തുടര്‍ന്ന് മിമിക്രി കലാകാരന്‍മാര്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി വ്യാഴാഴ്ച ഉച്ചയോടെ ഓഫീസിലെത്തുകയായിരുന്നു.
പണം വാങ്ങിയ സുമിന്‍ സര്‍ട്ടിഫിക്കറ്റ് കലാകാരന്‍മാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്തു. അപ്പോഴേക്കും വിജിലന്‍സ് സ്ഥലത്തെത്തി. വിജിലന്‍സ് എത്തിയ ഉടന്‍ കൈക്കൂലി പണം സുമിന്‍ ചെരിപ്പിനടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. മുമ്പും പലതവണകളായി ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉദയംപേരൂരിലുള്ള സുമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
An officer of Kochi Corporation was arrested while accepting bribe.