എത്ര തവണ പോയാലും മതിവരാത്ത യാത്രാനുഭവമാണ് ഗോവ. സ്വന്തം വാഹനത്തിലല്ലാതെ ഗോവയില്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഗോവയിലൂടെയുള്ള യാത്ര എളുപ്പമാക്കാനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കയാണ് ഗോവന്‍ ടൂറിസം മന്ത്രാലയം. ഗോവ ടാക്‌സി ആപ്പ് എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഈ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാണ്. മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമായ ഈ ആപ്പില്‍ എവിടെ നിന്നും ടാക്‌സി ബുക്ക് ചെയ്യാം. സഞ്ചാരികളുടെയും പ്രത്യേകിച്ച് സ്ത്രീ യാത്രികരുടെ സുരക്ഷയ്ക്കായുള്ള നിരവധി ഫീച്ചറുകളും ഈ ആപ്പിലുണ്ട്. സ്വന്തമായി ടാക്‌സി ഉള്ള ഡ്രൈവര്‍മാര്‍ക്ക് ഈ ആപ്പില്‍ രജിസ്ടര്‍ ചെയ്യാം. ഇത് വഴി സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പുതിയ സാധ്യതയാണ് ഈ ആപ്പ് ഒരുക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും അധികൃതര്‍ക്കും യാത്രികര്‍ക്കും തത്സമയ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം, നിരക്കുകള്‍ അറിയാനുള്ള ഫീച്ചറുകള്‍, ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍, പേയ്‌മെന്റ് ഗെയ്റ്റ്‌വേ, യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനം എന്നിവയെല്ലാം ടാക്‌സി ആപ്പിലുണ്ട്.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോവ ടാക്‌സി ആപ്പ് ഇതുവരെ കാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ ഉപയോഗിച്ചതായി ഗോവന്‍ ടൂറിസം മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ ടാക്‌സികള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്.
Goa is an unforgettable travel experience no matter how many times you visit; Goa Ministry of Tourism has launched a new app.