ഇരിട്ടി : ഉളിക്കൽ കോക്കാട് സ്വദേശിനി യജിന പത്ഭനാഭന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വൈറൽ ആയ പ്രൊവിഡൻസ് ബസിലെ കണ്ടക്ടർ മട്ടന്നൂർ കൊളാരി കെ.എം മനാഫിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ഇരിട്ടിയിൽ നിന്നും ഉളിക്കൽ കൊക്കാടേക്കുള്ള പ്രൊവിഡൻസ് ബസിൽ യാത്ര ചെയ്യുമ്പോഴാണ് യജിന പത്ഭനാഭൻ എന്ന യാത്രക്കാരി കണ്ടക്ടർ മനാഫിന്റെ പ്രവർത്തി ശ്രദ്ധിക്കുന്നത്. ബസിൽ കയറാനെത്തിയ ഗർഭിണിയായ സ്ത്രീയുടെ കൂടെയുണ്ടയിരുന്ന നാലു വയസോളം പ്രായം വരുന്ന കുട്ടിയെ കൈപിടിച്ച് കയറ്റി സീറ്റിൽ കൊണ്ടുപോയി ഇരുത്തിയ ശേഷം സ്ത്രീയുടെ കയ്യിൽ ഉണ്ടയിരുന്ന സഞ്ചിയും മറ്റുസാധങ്ങളും വാങ്ങി കരുതലോടെ അവരുടെ സീറ്റിന് അരുകിൽ എത്തിച്ചു നൽകിയ കരുതലാണ് യാത്രക്കാരി യജിന തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
യജിനയുടെ ഫേസ്ബുക്ക് പോസ്റ്റ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സാധാരണയായി സ്വകാര്യ ബസ് ജീവനക്കാർക്കെതിരായുള്ള പരാതികക്ക് മാത്രം വലിയ പ്രാധാന്യം ലഭിക്കുമ്പോൾ യാത്രക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന ജീവനക്കാരുടെ പ്രവർത്തികൾ മറ്റുള്ളവർക്കും മാതൃക ആകേണ്ടതാണ്. ഇരിട്ടി ബസ് സ്റ്റാന്റിൽ വച്ചുനടന്ന ചടങ്ങിൽ ജോയിന്റ് ആർ ടി ഒ ബി. സാജുവിൽ നിന്നും മനാഫും, യജിന പത്ഭനാഭനും മൊമെന്റോകൾ ഏറ്റുവാങ്ങി.
എം വി ഐ ടി. വൈകുണ്‌ഠൻ, എ എം വി മാരായ ഷനിൽ കുമാർ, ഡി.കെ. ഷീജി, അജയൻ പായം, ജീവകാരുണ്യ പ്രവർത്തകൻ മഹറൂഫ്, ബസ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
conductor who went viral through the Facebook post