---
title: "വിവാഹദിവസം മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ 5 ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കണ്ടെത്തി"
english_title: " 18 sovereigns of stolen gold ornaments found near house "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236742/18-sovereigns-of-stolen-gold-ornaments-found-near-house"
published_at: "2024-09-20T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed0cedcb3bf_gold.jpg"
keywords: []
---

# വിവാഹദിവസം മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ 5 ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കണ്ടെത്തി

> **Lead Summary:**  തിരുവനന്തപുരം: വിവാഹദിവസം വീട്ടിൽനിന്ന് മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ 5 ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മാറനല്ലൂർ പുന്നാവൂർ കൈതയിലിൽ ഗിലിൻ ദാസിന്റെ വിവാഹദിവസമായിരുന്നു ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ഈ മാസം 14നായിരുന്നു വിവാഹം. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് രാത്രിയോടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്നറിയുന്നത്.

## Article Content

 തിരുവനന്തപുരം: വിവാഹദിവസം വീട്ടിൽനിന്ന് മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ 5 ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മാറനല്ലൂർ പുന്നാവൂർ കൈതയിലിൽ ഗിലിൻ ദാസിന്റെ വിവാഹദിവസമായിരുന്നു ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ഈ മാസം 14നായിരുന്നു വിവാഹം. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് രാത്രിയോടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്നറിയുന്നത്.

മോഷണശ്രമങ്ങളൊന്നും തന്നെ കണ്ടെത്താനായിരുന്നില്ല. മാറനല്ലൂർ പൊലീസിൽ അന്നുതന്നെ പരാതി ഗിലിൻദാസ് നൽകി. വീടുമായി അടുത്ത് ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മാറനല്ലൂർ എസ്എച്ച്ഒ ഷിബുവും എസ് ഐ കിരൺ ശ്യാമും 15 ഓളം ബന്ധുക്കളെ ചോദ്യം ചെയ്തു.

വ്യാഴാഴ്ച രാവിലെ 6 മണിയോടെ ഗിലിൻ ദാസിന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ ഗേറ്റിന്റെ സമീപത്തായി ഉപേക്ഷിച്ച നിലയിൽ കവർ കണ്ടു. തുറന്ന് പരിശോധിച്ചപ്പോൾ മോഷണംപോയ സ്വർണമാണ് കവറിലുണ്ടായിരുന്നത്. ഉടൻ തന്നെ മോഹൻദാസ് മാറനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടി പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മോഷണം നടത്തിയയാളെ സംബന്ധിച്ച് തുമ്പ് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236742/18-sovereigns-of-stolen-gold-ornaments-found-near-house)