കണ്ണൂർ :കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പയ്യാമ്പലം ഇകെ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച 'വിത്ത്' ഉത്തരമേഖലാ യുവസാഹിത്യ ക്യാമ്പിന് സമാപനമായി. അറിയാനും അറിയിക്കാനുമുള്ള യജ്ഞത്തിൽ യുവ എഴുത്തുകാർ പങ്കാളികളാകണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. കെ.പി മോഹനൻ പറഞ്ഞു.
എഴുത്തുകാരന്റെ സ്വാതന്ത്ര്യം സർവപ്രധാനമാണ്. അത് സമൂഹത്തിന്റെ മറ്റ് നിരവധി സ്വാതന്ത്ര്യങ്ങളോട് കടപ്പെട്ടിരിക്കുന്നു. എഴുത്തിലും രചനകളിലും സ്വാതന്ത്ര്യം വേണം എന്നു പറയുമ്പോൾ എഴുത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. ഓരോ എഴുത്തുകാരനും നിർമ്മിക്കുന്നത് ഓരോ പുതിയ പ്രപഞ്ചമാണ്. ആ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് അവർ സ്വീകരിക്കുന്ന അനുഭവങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങൾ സ്വാതന്ത്ര്യത്തിന്റെ വിവിധ നിറപ്പകർച്ചകൾ സൃഷ്ടിക്കുന്നുണ്ട്. സാഹിത്യ ക്യാമ്പുകൾ എഴുത്തുകാരെ സൃഷ്ടിക്കാറില്ലെന്നും എഴുത്തുകാരുടെ കൂട്ടായ്മയെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യക്യാമ്പ് അംഗം സി.ടി സൗദ എഴുതിയ 'ചിന്തകൾക്ക് തീ പിടിക്കുമ്പോൾ' കവിതാ സമാഹാരം ഡോ. കെ.പി മോഹനൻ പ്രകാശനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി.കെ സനോജ് അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, അവളിടം ജില്ലാ കോ ഓർഡിനേറ്റർ പി.പി അനീഷ, സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി പ്രണിത, ജയകുമാർ ചെങ്ങമനാട,് അജികുമാർ നാരായണൻ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിൽ ഡോ. ആർ രാജശ്രീ, നാരായണൻ കാവുമ്പായി, വർഗീസ് ആന്റണി, മുസ്തഫ ദ്വാരക, ഡോ. കെ.വി. സിന്ധു തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽനിന്നുള്ള 45 എഴുത്തുകാർ ക്യാമ്പിൽ പങ്കെടുത്തു.
kannur