ഇരിട്ടി : പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തെളിച്ചം പദ്ധതി പ്രകാരം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി . ഇരിട്ടീപാലം, തന്തോട്, പുതുശ്ശേരി, വിളമന, എടൂർ പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത് . മഞ്ഞപ്പിത്ത രോഗത്തിനെതിരെ കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന തെളിച്ചം പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടലുകൾ, ബേക്കറി , തട്ടുകട മത്സ്യക്കട , ചിക്കൻ സ്റ്റാൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും മലിനജലം പുറത്തേക്ക് ഒഴുക്കുകയും ചെയ്ത നാച്ചി ഫിഷ് സ്റ്റാൾ അടച്ചുപൂട്ടി.
കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും ,മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും,നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു . മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലത്തിലൂടെ പകരുന്ന രോഗങ്ങൾ വ്യാപകമായതിനാൽ അതീവ ജാഗ്രത പാലിക്കണം. എല്ലാ ഭക്ഷണ നിർമ്മാണ വിതരണ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ അംഗീകൃത ഹെൽത്ത് കാർഡ് എടുക്കണം, കുടിവെള്ളം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷൻ ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കാൻ പാടുള്ളൂ.തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർക്കാൻ പാടില്ല. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.പരിശോധന വരും ദിവസങ്ങളിലും തുടരും. ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനികെ. സിജു, പി. അബ്ദുള്ള, ജിതിൻ ജോർജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു .
iritty