ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സഹകരണത്തോടെ ഉളിക്കൽ കാർഷിക കർമ്മ സേന ജൈവവള നിർമ്മാണ യൂണിറ്റിന്റെ ആദ്യപടിയായി സമ്പുഷ്ടീകരിച്ച ചാണകം നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്ത് നഴ്സറിയിൽ നടന്നു. സാധാരണ ചാണകപ്പൊടി ചെടികൾക്ക് ഇടുമ്പോൾ 50- 60 ശതമാനം വളം മാത്രമേ ചെടിക്ക് വലിച്ചെടുക്കുവാൻ കഴിയുകയുള്ളൂ . എന്നാൽ സമ്പുഷ്ടികരിച്ച ചാണകത്തിൽ നിന്നും 90 - 95 ശതമാനം വളം ചെടിക്ക് വലിച്ചെടുക്കാൻ കഴിയും .
ഉണങ്ങിയ ചാണകപ്പൊടിയോട് നിശ്ചിത അളവിൽ വേപ്പിൻപിണ്ണാക്കും ട്രൈക്കോഡർമയും ചേർത്ത് നല്ലവണ്ണം ഇളക്കി ചെറിയ നനവോടെ കൂനയാക്കി ചണച്ചാക്ക് മുകളിലിട്ട് നനച്ച് ഈർപ്പം നിലനിർത്തി ഏഴു ദിവസം കഴിയുമ്പോൾ വീണ്ടും ഇളക്കി തട്ടിപ്പൊത്തി കൂനയാക്കി ഈർപ്പം നിലനിർത്തി15 ദിവസം കഴിയുമ്പോൾ കൂനക്ക് മുകളിൽ പച്ച കുമിളുകൾ നിറയുകയും ചാണകം സമ്പുഷ്ടീകരിക്കുകയും ചെയ്യുന്നു. ഈ ചാണകത്തിൽ ധാരാളം മിശ്ര കുമിളുകൾ ഉണ്ടാകുകയും ചെയ്യുന്നു .
ഇത് ചെടിക്കിടുമ്പോൾ ചെടി പെട്ടെന്ന് വളരുകയും കീടബാധയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച ചാണക പൊടി കാർഷിക കർമ്മ സേനയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കർഷകർക്ക് സമ്പുഷ്ടീകരിച്ച ചാണക പൊടി നിർമ്മാണത്തിന്റെ പരിശീലനം കാർഷികർമ്മ സേന നൽകുന്നതാണ് .യൂണിറ്റിന്റെ ഉദ്ഘാടനം കാർഷിക കർമ്മ സേന പ്രസിഡൻറ് ജോസ് പൂമല നിർവഹിച്ചു .കൃഷി ഓഫീസർ രേഖ പ്രിൻസ് പദ്ധതി വിശദീകരിച്ചു . കാർഷിക കർമ്മ സേന സെക്രട്ടറി വി.കെ. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ആൻ മരിയ കാർഷിക കർമ്മ സേന ഡയറക്ടർ സനൽ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.
ulikkal