കണ്ണൂർ : നവംബർ 18 മുതൽ 24 വരെ നടക്കുന്ന ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ എം കെ ഷാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി കെ അനിൽകുമാർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ സി സച്ചിൻ, അർദ്രം നോഡൽ ഓഫീസർ ഡോ സി പി ബിജോയ് ആർ പി എച്ച് ലാബ് കൺസൽട്ടന്റ് ഡോ ശ്രീജ ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് എസ് ആർദ്ര എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടനത്തെ തുടർന്ന് നടന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ ക്ലാസ്സ് ജില്ലാ AMR നോഡൽ ഓഫീസർ ഡോ പി ലത എടുത്തു.
എന്താണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്?
ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR).
മാനവരാശിയെ ബാധിക്കുന്ന ആദ്യ പത്തു ആഗോള ആരോഗ്യ വിപത്തുകളിൽ ഒന്നായി ലോകാരോഗ്യ സംഘടന AMR നെ വിലയിരുത്തുന്നു.
മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുന്ന പകർച്ചവ്യാധികളെ തടയുന്നതിനായിട്ടാണ് ആന്റിമൈക്രോബിയലുകളായ ആന്റിബയോട്ടിക്‌സുകൾ ആന്റിവൈറലുകൾ , ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവ ഉപയോഗിക്കുന്നത്. ഓരോ തരത്തിലുള്ള സൂക്ഷ്മ ജീവികൾക്കെതിരെയാണ് ഓരോ തരം ആന്റിമൈക്രോബിയലുകൾ പ്രവർത്തിക്കുന്നത്. കാലക്രമേണ ബാക്ടരിയകൾക്കും ഫംഗസ്സുകൾക്കും പാരസൈറ്റുകൾക്കും മാറ്റങ്ങൾ വരികയും അവ വേണ്ടവിധത്തിൽ മെഡിസിനുകളോട് പ്രതികരിക്കാതെ വരികയും ചെയ്യുന്നു. അത് മൂലം അണുബാധകൾക്കെതിരെയുള്ള ചികിത്സ ഫലപ്രദമല്ലാതെവരികയും രോഗവ്യാപനം വേഗത്തിലാവുകയും രോഗമൂർച്ഛയ്ക്കും പെട്ടെന്നുള്ള മരണത്തിനും കാരണമാവുകയും ചെയ്യുന്നു.
ആന്റിമൈക്രോബിയലുകളുടെ ദുരുപയോഗമാണ് ഇത്തരത്തിൽ മരുന്നുകളോട് പ്രതികരിക്കാത്ത അണുക്കളുടെ വളർച്ചയ്ക്കു കാരണം.
ശുദ്ധജലത്തിന്റ ലഭ്യതക്കുറവും വൃത്തിഹീനമായ ചുറ്റുപാടുകളും മതിയായ ആണുബാധാ നിയന്ത്രണ മാർഗങ്ങളുടെ അഭാവവും ആന്റിമൈക്രോബിയൽ റെസിസ്റ്റന്റുകളായ സൂക്ഷ്മാണുക്കൾ നിയന്ത്രണാതീതമായി പെരുകുന്നതിന് കാരണമാകുന്നു. അതോടൊപ്പം കൂട്ടിചേർക്കേണ്ടുന്ന ഒരു കാര്യമാണ് ആന്റിബയോട്ടിക്കുകൾ വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്നുള്ളത്.
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. മരണവും വൈകല്യവും നീണ്ടു നിൽക്കുന്ന ആശുപത്രിവാസവും വിലകൂടിയ മരുന്നുകളുടെ ആവശ്യവുമെല്ലാം വലിയ സാമ്പത്തിക ബാധ്യതയാണ് രോഗികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്നത്.
ഫലപ്രദമായ ആന്റിമൈക്രോബിയലുകളുടെ അഭാവം അണുബാധയ്ക്കെതിരായ ചികിത്സയെ ബാധിക്കുകയും ജീവൻരക്ഷാ സർജറികളുടെയും കീമോ തെറാപ്പികളുടെയും വിജയ നിരക്ക് കുറയ്ക്കുകയും ചെയ്യും. ആയതിനാൽ നമ്മളോരോരുത്തരും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിന് എതിരെയുള്ള ഈ പോരാട്ടത്തിൽ ഒന്നിച്ചുചേരേണ്ടത് അത്യാവശ്യമാണ്.
Antimicrobiyal