പത്തനംതിട്ട : സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജിവെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പൊലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ പറഞ്ഞു. നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഭരണഘടന വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതിയില്‍ നിന്നാണ് മന്ത്രി സജി ചെറിയാന് തിരിച്ചടിയേറ്റത്. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളുകയായിരുന്നു. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു.കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എന്നായിരുന്നു പ്രസംഗം.
Vdsatheesanaboutsajicheriyan