കണ്ണൂർ : സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിൽ നിന്നായി ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാസർക്കോട് തളങ്കര സ്വദേശി അബ്ദുൾ സമദാനിയെയാണ് പരിയാരം സി.ഐ എം.പി വിനീഷ്‌കുമാർ അറസ്റ്റ് ചെയ്തത്.
മറ്റൊരു തട്ടിപ്പ് കേസിൽ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന ഇയാളെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മെയ് 21നും ജൂൺ 14നും ഇടയിലായി കടന്നപ്പള്ളി ചെറുവിച്ചേരി യിലെ പുതിയവീട്ടിൽ സന്തോഷ് കുമാറിന്റെ 17,06,000 രൂപ തട്ടി യെടുത്തതിനാണ് പരിയാരം പോലീസ് അബ്ദുൾ സമദാനിക്ക് എതിരെ കേസെടുത്തിരുന്നത്. ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ നൽകാമെന്ന് പറഞ്ഞ് വാട്സ് ആപ്പ് ചാറ്റ് വഴിയായിരുന്നു തട്ടിപ്പ്. ദിയ എന്നും ലോകേഷ് പട്ടേൽ എന്നും പേരുള്ള രണ്ടുപേരാണ് സന്തോഷ്‌കുമാറിനെ ബന്ധപ്പെട്ടിരുന്നത്. എന്നാൽ തട്ടിപ്പിന് പിന്നിൽ മലയാളികളാണെന്ന് പോലീസ്
അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതേ കേസിൽ നേരത്തെ എറണാകുളം സ്വദേശി ജബ്ബാറിനെ പരിയാരം പോലീസ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സൈബർ പോലീസാണ് മറ്റൊരു കേസിൽ അബ്‌ദുൾ സമദാനിയെ കഴിഞ്ഞയാഴ്‌ച അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. തലശേരി സി. ജെ.എം കോടതി ഉത്തരവനുസരിച്ചാണ് പരിയാരം പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസിൽ മറ്റൊരു പ്രതിയായ ഷമീർ ഒളിവിലാണ്. അബ്ദുൾ സമദാനിയെ വിശദമായി ചോദ്യം ചെയ്യാനായി അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Kannur