കേളകം: പഞ്ചായത്ത് രണ്ടാം വാർഡിൽപെടുന്ന പ്രദേശത്ത് ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി ഭൂമി അളന്നപ്പോൾ നിരവധി കർഷകരുടെ പട്ടയ ഭൂമി റവന്യു പുറമ്പോക്കിൽപെടുത്തി എന്ന് ആരോപിച്ച് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി അംഗം ലിസ്സി ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ചീങ്കണ്ണിപ്പുഴയുടെ അതിർത്തി നിർണ്ണയിക്കുക മാത്രമാണ് ചെയ്തത് എന്ന് പറയുന്ന പഞ്ചായത്ത് പ്രസിഡന്റ് കേളകത്തെ കർഷക ജനതയെ വഞ്ചിക്കുകയാണ് എന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് മണ്ണാർക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി അംഗം ജോസ് നടപ്പുറം, പഞ്ചായത്തംഗങ്ങളായ ജോണി പാമ്പാടി, ഷാജി സുരേന്ദ്രൻ, ബിജു പൊരുത്തറ, സുനിത വാത്യാട്ട്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോയി വേളുപുഴ, ടോണി വർഗ്ഗീസ്, എബിൻ പുന്നവേലിൽ, സജി മഠത്തിൽ, സോണി കട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.
March and Dharna To Kelakom Panchayat Office