ഇരിട്ടി : എല്‍പി വിഭാഗത്തിലെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹരുചി പലഹാരമേള നടത്തി . അധ്യാപകര്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങള്‍ പേര് സഹിതം പ്രദര്‍ശിപ്പിക്കുകയും ഒന്നാം തരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു.
രുചി കൊണ്ടും ഉണ്ടാക്കുന്ന രീതി കൊണ്ടും ചേര്‍ക്കുന്ന സാധനങ്ങളുടെ പ്രത്യേകത കൊണ്ടും വേറിട്ടു നില്‍ക്കുന്ന അന്‍പതോളം നാടന്‍ പലഹാരങ്ങളാണ് സ്‌നേഹരുചി പലഹാരമേളയില്‍ ഒരുക്കിയിരുന്നത്. ആവിയില്‍ പുഴുങ്ങിയതും ഓട്ടില്‍ ചുട്ടെടുക്കുന്നതും മറ്റുമായ അധികം ചേരുവകള്‍ ആവശ്യമില്ലാത്ത ചെലവ് കുറഞ്ഞ വിഭവങ്ങളാണ് പലഹാരമേളയില്‍ ഉണ്ടായിരുന്നത്.
നാട്ടുരുചി നന്മരുചി എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പലഹാരമേള പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഒ.പി. സോജന്‍, സീനിയര്‍ അധ്യാപകന്‍ സി.എ. അബ്ദുല്‍ ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി, രവീന്ദ്ര ബാബു, പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അനഘ, ജിഷ്ണ, നൗഷാദ്, നിര്‍മ്മല്‍, അഞ്ജന, അരുണ, രചന, സൗരവ് എന്നിവര്‍ പ്രസംഗിച്ചു
aralam