തലശ്ശേരി : തമ്പിന്റെ എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാടിന്റ ജീവിതം ആസ്പദമാക്കി പാനൂര്‍ പ്രിസം ബുക്‌സ് തയ്യാറാക്കിയ ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും പുസ്തകത്തിന്റെ പ്രകാശനം നടന്നു. തലശ്ശേരി ഗോകുലം ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കസിനെയും സര്‍ക്കസ് കലാകാരന്‍മാരെയും ഏറെ സ്‌നേഹിച്ച എഴുത്തുകാരനായിരുന്നു ശ്രീധരന്‍ ചമ്പാട് എന്ന് സ്പീക്കര്‍ പറഞ്ഞു. കലയെ മാത്രം സ്നേഹിച്ച കലാകാരനാണ് ശ്രീധരൻ ചമ്പാട്. ഇന്ന് പണത്തിന് പിന്നാലെ പായുന്ന കലാകാരന്മാരെയാണ് നാം കാണുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രതി ജെംബോ സര്‍ക്കസ് മാനേജിംഗ് പാർട്‌നര്‍ അജയ് ശങ്കര്‍ ഏറ്റുവാങ്ങി.ശ്രീധരന്‍ ചമ്പാടിന്റെ ജീവിത മാതൃകകള്‍, സാഹിത്യകൃതികളുടെ പഠനങ്ങള്‍, മുഖാമുഖം, അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പുസ്തക പ്രസാധക സമിതി ചെയര്‍മാന്‍ കെ.പി.മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി.ചടങ്ങില്‍ 17ഓളം സര്‍ക്കസ് കലാകാരന്‍മാരെ ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് ആദരിച്ചു. ചരിത്രകാരന്‍ കെ.കെ. മാരാര്‍, അഡ്വ.കെ.എം. പ്രദീപ് നാഥ്, ബാലസാഹിത്യകാരന്‍ പ്രേമാനന്ദ് ചമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.സി. സുധാകരന്‍ സ്വാഗതവും ട്രഷറര്‍ ഇ. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
Sreedaranchambad