ഉളിക്കൽ : ഉളിക്കൽ ക്ഷീരസംഘങ്ങളിൽ അശാസ്ത്രീയമായി വർദ്ധിപ്പിച്ച പ്രാദേശിക പാൽവില പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് എം ഉളിക്കൽ മാണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കലിൽ പ്രവർത്തിക്കുന്ന നെല്ലിക്കാംപൊയിൽ ക്ഷീരോൽപ്പാതക സഹകരണ സംഘം ഉപരോധിച്ചു. കർഷകർക്ക് അധിക വില നൽകാനാണെന്ന് പറഞ്ഞ് പ്രാദേശികവിൽപ്പന ഇനത്തിൽ ലിറ്ററിന് രണ്ടുരൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഈ തുക കർഷകന് നൽകുന്നില്ലെന്ന് പാർട്ടി ആരോപിച്ചു . മിൽമയുടെ കീഴിൽ പ്രവർത്തിക്കുന്ന ആപ്കോസ് സംഘങ്ങൾ മിൽമ കർഷകർക്ക് വില വർദ്ധിപ്പിക്കുമ്പോൾ മാത്രമാണ് സാധാരഗതിയിൽ പ്രാദേശിക വിൽപ്പനയിൽ വില വർദ്ധിപ്പിക്കുന്നത് . പാലിന്റെ പ്രാദേശിക വില വർദ്ധനവ് ഹോട്ടലുകളിൽ വില വർദ്ധനവിന് വരെ കാരണമാകുമെന്നും കാലിത്തീറ്റക്കും മറ്റും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കർഷകനെ സഹായിക്കേണ്ട ക്ഷീര സംഘങ്ങൾ ക്ഷീരകർഷകനെ കൊള്ളയടിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു . വിലവർദ്ധനവിനു പിന്നിൽ ജില്ലയിലെ ചില ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ക്ഷീരസംഘങ്ങളുടെ പ്രവർത്തനങ്ങൾ പലതും അഴിമതി നിറഞ്ഞതും കർഷക ദ്രോഹപരവുമാണെന്നും സമരക്കാർ പറയുന്നു . സർക്കാരിൻ്റെയോ മിൽമയുടെയോ ഉത്തരവില്ലാതെ വർദ്ധിപ്പിച്ച പ്രാദേശിക പാൽവിൽപ്പന വില ഉടൻ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലാ ക്ഷീര വികസന വകുപ്പിനു മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട് പോകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ കുമ്പുക്കൽ പറഞ്ഞു .
സമരത്തിൽ ജോളി പുതുശ്ശേരി ,ടി.എൽ. ആൻ്റണി , മാത്യ വടക്കേൽ , ബാബു കല്ലുപുര തുടങ്ങിയവർ പ്രസംഗിച്ചു . ഇമ്മാനുവൽ ഉളിക്കൽ, ജോയി കിഴക്കേടം , ജോയ് പാമ്പക്കൻ , ഡി.എം. ബിജു ,മാത്യു കണ്ടശാംകുന്നേൽ ,ജോസഫ് പാറേമാക്കൽ,ജോസഫ് പാതിപുരയിടം, ജോസഫ്കണ്ടശാം കുന്നേൽ, ജയിംസ് ഇളംതുരുത്തി,മത്തായി വട്ടത്തറ എന്നിവർ നേതൃത്വം നൽകി.
ulikkal