ഇരിട്ടി: ആറളം ഫാമിൽ ചെത്തുന്ന കള്ള് ഏറ്റെടുക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരുമായി ഇരിട്ടി റെയ്‌ഞ്ച് കള്ളുചെത്ത് തൊഴിലാളി സഹകരണസംഘം ധാരണാപത്രം ഒപ്പുവെച്ചു. ബോബി ചെമ്മണ്ണൂരിന്റെ ലൈസൻസിയിൽ വയനാട്ടിലെ മേപ്പാടിയിലെ കള്ളുഷാപ്പിലേക്കാണ് ആറളം ഫാമിലെ കള്ള് എത്തുക. വയനാട്, കണ്ണൂർ ജില്ലകളിലെ എക്സൈസ് വിഭാഗം ഇതിന്റെ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി അനുമതി നൽകി.
അഞ്ചുവർഷമായി ആറളം ഫാമിൽ തെങ്ങ് ചെത്തുന്നുണ്ട്. ഈ കള്ളാണ് ഇരിട്ടി, പേരാവൂർ, മട്ടന്നൂർ റെയിഞ്ചുകളിലെ ഷാപ്പുകളിൽ എത്തുന്നത്. തെങ്ങൊന്നിന് ആറുമാസത്തേക്ക് 455 രൂപ നിരക്കിൽ 550 തെങ്ങുകൾ ചെത്താനാണ് ചെത്തുതൊഴിലാളി സഹകരണ സംഘവുമായി ഫാം മാനേജ്‌മെന്റ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽനിന്നുള്ള 150 തെങ്ങുകളാണ് ബോബി ചെമ്മണ്ണൂരിന് കൈമാറുന്നത്. 11 കള്ളുചെത്ത് തൊഴിലാളികളെയും അതിനായി അനുവദിക്കും. പ്രതിദിനം 300 മുതൽ 500 ലിറ്റർ കള്ള് വരെ ഫാമിൽനിന്ന് ഏറ്റെടുക്കാമെന്നാണ് ധാരണ.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50-ലധികം തൊഴിലാളികളാണ് ഫാമിൽനിന്ന് തെങ്ങ് ചെത്തുന്നത്. നേരത്തേ നൂറോളം പേരുണ്ടായിരുന്നു. ചെത്തുതൊഴിലാളി പട്ടാന്നൂരിലെ റിജേഷിനെ കാട്ടാന ചവിട്ടിക്കൊന്നതോടെയാണ് എണ്ണം കുറഞ്ഞത്. ഷാപ്പുകൾ വഴിയുള്ള കള്ളുവിൽപ്പന കുറഞ്ഞതോടെ കള്ളിന്റെ നല്ലൊരുഭാഗം നശിപ്പിക്കുകയാണ് പതിവ്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകൂടി ഉൾപ്പെട്ട പ്രദേശമായതിനാൽ ഫാമിൽനിന്ന് ഉത്പാദിപ്പിക്കുന്ന കള്ള് ഷാപ്പുകളിലല്ലാതെ മറ്റെവിടെയും വിൽക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്.
Aralam