കീഴ്പ്പള്ളി : വയനാട്ടിൽ കടുവ സ്ത്രീയെ കൊന്ന് ഭക്ഷിച്ച സാഹചര്യത്തിൽ, ഇത്തരം ആക്രമണങ്ങൾക്ക് തടയിടാത്ത വനം വകുപ്പിന്റെ കുറ്റകരമായ അലംഭാവത്തിനെതിരെ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ആറളത്തും പരിസരപ്രദേശങ്ങളിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുകയാണെന്നും, കടുവയും പുലിയും ആനയുമെല്ലാം ഇവിടെ സ്വൈര്യവിഹാരം നടത്തുകയാണെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഷാന്റോ മാത്യു പറഞ്ഞു.
മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ ക്രിയാത്മകമായി യാതൊന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, തന്മൂലം മലയോര മേഖലകളിൽ മനുഷ്യജീവനും സ്വത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കിഫ ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തങ്കച്ചൻ കൂറ്റാരപ്പള്ളി പറഞ്ഞു. ജിൻസ് മുള്ളൻകുഴി നന്ദി പറഞ്ഞു. തങ്കച്ചൻ പുതുപ്പറമ്പിൽ, ഷാജി പുതുകുളങ്ങര തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. യുഡിഎഫിന്റെ നേതൃത്വത്തിൽ ആറളത്ത് എത്തുന്ന മലയോര സമര യാത്രയ്ക്ക് കിഫയുടെ ചോദ്യങ്ങൾ അടങ്ങിയ നിവേദനം കൈമാറുമെന്നും ഇവർ പറഞ്ഞു.
Tiger Attack In Wayanad: KIIFA StageS Demonstration In Keezhappally Town