പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി പ്രഖ്യാപിച്ചു.
2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, കോളേജുകൾ, സ്ഥാപനങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 16 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.
റോബിൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ, സ്ഥിര സമിതി അധ്യക്ഷരായ റീന മനോഹരൻ, എം ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ലത, പഞ്ചായത്ത് അംഗങ്ങളായ റജീന സിറാജ്, ബേബി സോജ, വി എം രഞ്ജുഷാ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എ രജീഷ്, എക്സൈസ് ഇൻസ്‌പെക്ടർ യേശുദാസ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി പി പി സിനി തുടങ്ങിയവർ സംസാരിച്ചു.
ശുചിത്വമാക്കുന്നതിൽ പഞ്ചായത്തിനെ സഹായിച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള ആദരവും, പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് ഹരിതകർമസേനയുടെ ആദരവും, കുനിത്തല ഭാഗം സൗന്ദര്യ വൽക്കരണം നടത്തിയ നന്മ റസിഡൻസ് അസോസിയേഷന് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ എം ഷൈലജ തന്റെ ഒരു മാസത്തെ ഹോണറോറിയം പാരിദോഷികമായും പരിപാടിയിൽ നൽകി.
Peravoor