കാസർകോട് : പരപ്പച്ചാലിൽ ജപ്തിയുടെ പേരിൽ കേരള ബാങ്കിന്റെ കൊടും ക്രൂരത. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്തു. കേരള ബാങ്കിന്റെ നീലേശ്വരം ശാഖയാണ് ജപ്തി നടപടികൾ നടപ്പിലാക്കിയത്. ഇന്നലെ മുതൽ കാസർഗോഡ് പരപ്പച്ചാൽ സ്വദേശി ജാനകിയും മക്കളും, 7 വയസും 3 വയസും പ്രായമായ കുട്ടികളുമടക്കം വീടിന് പുറത്താണ് കഴിയുന്നത്.
കണ്ണിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് അമ്മ ജാനകിയെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു ബാങ്ക് അധികൃതർ വീട്ടിലേക്ക് എത്തിയത്. ഇവർ തിരിച്ചെത്തുമ്പോൾ വീടിനകത്തെ അലമാരയും കട്ടിലുമടക്കമുള്ള മറ്റ് വീട്ട് സാധനങ്ങൾ പുറത്ത് കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. വീടിന് പുറത്ത് ബാങ്ക് നോട്ടീസും പതിച്ചിരുന്നു. ഇന്നലെ ഉറങ്ങാൻപോലും സ്ഥലം ഉണ്ടായിരുന്നില്ല, ഒരാഴ്ച മുൻപ് ബാങ്ക് അധികൃതർ വീട്ടിൽ എത്തുകയും എത്രയും വേഗം തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.
ടാപ്പിങ്ങിനായി ഷോർട്ടർ വാങ്ങാൻ വിജേഷ് 4 ലക്ഷം രൂപ വായ്പയായി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് നൽകിയത് 2 ലക്ഷം രൂപയായിരുന്നു. ആദ്യ ഗഡു അടച്ചതിന് ശേഷം ബാക്കി രണ്ട് ലക്ഷം രൂപ തരാമെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്. എന്നാൽ ഹെഡ്ഓഫിസിൽ നിന്ന് ഇവർക്ക് പണം നൽകിയില്ല. പണം കിട്ടാതായതോടെ ടാപ്പിങ് ജോലി ചെയ്യാൻ കഴിഞ്ഞില്ലെന്നും അതിന് ശേഷമാണ് വിജേഷ് തെങ്ങ് കയറ്റം തുടങ്ങിയത്. എന്നാൽ 2 വർഷം മുൻപ് ഇയാൾ തെങ്ങിൽ നിന്ന് വീണ് ചികിത്സയിലായത് വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമായെന്ന് കുടുംബം പറയുന്നു.
Keralabankrecovery