പേരാവൂർ: തലശ്ശേരി-ബാവലി റോഡിലെ നിടുംപൊയില്‍ ചുരം പാതയുടെ ടാറിങ് പൂര്‍ത്തിയാക്കാത്തത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നു.നിടുംപൊയില്‍ മുതല്‍ ചന്ദനത്തോട് വരെയുളള ഭാഗത്തെ ടാറിങ് പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നിടുംപൊയില്‍ മുതല്‍ ചന്ദനത്തോട് വരെയുളള 12 കിലോമീറ്റര്‍ റോഡിന്റെ പല ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് മെക്കാഡം ടാറിങ് നടത്തിയിരിക്കുന്നത്. വിവിധ ഭാഗത്തായി ഏകദേശം ഏഴ് കിലോമീറ്ററോളം ദൂരം ടാറിങ്ങാണ് അവശേഷിക്കുന്നത്. ടാറിങ് നടത്തിയിരിക്കുന്ന ചിലയിടങ്ങളില്‍ ഒരു വശം മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ പലയിടത്തായി ടാറിങ് നടത്തിയതുമൂലം റോഡിന്റെ നടുക്കും, കുറുെകയും എഡ്ജ് രൂപപ്പെട്ടിട്ടുണ്ട്. ഇത് ചെറു വാഹനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ റോഡില്‍ വീഴാനും സാധ്യതയുണ്ട്.പൊടിശല്യം രൂക്ഷമായത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നാലാമത്തെ ഹെയര്‍ പിന്‍ വളവിന് സമീപം വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് പുനര്‍നിര്‍മിച്ച ഭാഗത്ത് പൊടിശല്യം അതിരൂക്ഷമാണ്. ചെറിയ ഒരു വാഹനം കടന്നുപോയാല്‍ പോലും വലിയ രീതിയിലാണ് പൊടിയുയരുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ തൊട്ടുപുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് റോഡ് കാണാന്‍ പോലും പറ്റാത്ത തരത്തിലാണ് പൊടിയുയരുന്നത്.
ഈ ഭാഗത്ത് ടാറിങ് ജോലികളാണ് ബാക്കിയുള്ളത്. ചുരം റോഡിന്റെ വിവിധയിടങ്ങളിലായി റോഡരികില്‍ ഓടയുടെ നിര്‍മാണവും നടക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ റോഡിന്റെ ടാറിങ് ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറയുന്നത്. രണ്ട് ആഴ്ച കൊണ്ട് ടാറിങ് പൂര്‍ത്തിയാക്കാനാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചുരം റോഡിന്റെ വിവിധ ഭാഗത്തായി വാഹനങ്ങള്‍ക്ക് ഭീഷണിയായി നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്. പല മരങ്ങളുടെയും ചുവട്ടിലെ മണ്ണ് ഒലിച്ചുപോയ നിലയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്ക് ഏത് സമയത്തും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ് റോഡരികിലെ മരങ്ങള്‍ നില്‍ക്കുന്നത്. അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. റോഡിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.
Nedumpoyilmananthavadiroad