ഇരിട്ടി: വന്യജീവി അക്രമങ്ങളിൽ നിന്ന് ആദിവാസികളെയും കർഷകരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ 15 മുതൽ സമര പ്രചരണ ക്യാമ്പയിനും മെയ് 20 ന് കലക്ട്രേറ്റിന് മുന്നിൽ ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വനത്തിനകത്ത് വന്യജീവികൾക്ക് തീറ്റക്കുള്ള സംവിധാനം ഒരുക്കാത്തതാണ് കാട്ടാനയുൾപ്പടെ ജനവാസ മേഖലയിൽ എത്തുന്നതും നാശം വിതക്കാനും കാരണം. ഫാമിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ആദിവാസി ക്ഷേമ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആറളം ഫാമിലെ മുഴുവൻ ഭൂമിയും ദൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകണം, ഫാമിലെയും പുനരധിവാസ മേഖലയിലെയും കഴിഞ്ഞ 10 വർഷത്തെ വരവ് -ചെലവ് കണക്കുകൾ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ഓഡിറ്റ് നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഡോ. ബി.ആർ. അംബേദ്കറുടെ 134ാം ജയന്തിയോടനുബന്ധിച്ച് 14 ന് വൈകിട്ട് 4 ന് ആറളം ഫാം ബ്ലോക്ക്13 ൽ വെച്ച് അംബേദ്കർ അനുസ്മരണ പരിപാടി നടത്തുമെന്നും ഭാരവാഹികളായ ലുഖ്മാൻ പള്ളിക്കണ്ടി, അരുവിക്കൽ കൃഷ്ണൻ, കെ.കെ. സുലോചന, കെ.ആർ. രാഘവൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
Iritty