കാസർകോട് : വനിതാ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥികളും ആശാവർക്കർമാരുമുൾപ്പെടെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിലാണ് എൽഡിഎഫ് സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതെന്നും വിവിധ സമരങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം വെച്ചുപുലർത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കാസർകോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്നു വരുന്ന വിവിധ സമരങ്ങൾക്കെതിരെയുള്ള എൽഡിഎഫ് നിലപാട് അവരുടെ കമ്മ്യൂണിസ്റ്റ് സ്വഭാവം നഷ്ടമായതിന് തെളിവാണ്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോൾ ഉദ്യോഗാർത്ഥികളെ സമാശ്വസിപ്പിക്കുന്നതിന് പകരം സ്വകാര്യസ്ഥാപനങ്ങളിൽ ജോലി നോക്കാൻ ആവശ്യപ്പെടുന്നത് അനുചിതവും അപമാനിക്കുന്നതിന് തുല്യവുമാണ്. ആശാവർക്കർമാരുടെ സമരം രണ്ട് മാസം പിന്നിടുമ്പോഴും സമാനമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
വനിതാ സിവിൽ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ജേതാക്കളുടെ വിഷയത്തിൽ ഉൾപ്പെടെ ഇടപെടാൻ വിസമ്മതിച്ച ഡിവൈഎഫ്ഐ പിരിച്ചുവിടാൻ സമയമായെന്നും യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മടിക്കുന്ന യുവജന സംഘടന നാടിനു ആവശ്യമില്ലെന്നും ഒരു പക്ഷെ ലഹരി മാഫിയയ്ക്ക് ഇത്തരം ഒരു സംഘടന ആവശ്യമായി വന്നേക്കാമെന്നും എംടി രമേശ് പരിഹസിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കേരള യാത്രയും വിക്സിത് കേരള കൺവൻഷനും ഏപ്രിൽ 21 മുതൽ മെയ് 10 വരെയുള്ള തീയതികളിൽ കേരളത്തിലെ 30 സംഘടനാ ജില്ലകളിലും നടക്കുമെന്നും എംടി രമേശ് പറഞ്ഞു.
Mtrameshbyte