ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഭരണഘടനപരമല്ലെന്ന വാദവുമായി കേന്ദ്രസർക്കാർ. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ തന്നെയാകും പുനഃപരിശോധനാ ഹര്‍ജി നൽകുക.
ഇത്തരമൊരു സമയപരിധി ഭരണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന വാദം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ ആലോചന. ഭരണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ഒരു കാര്യം എങ്ങനെ വിധിന്യായത്തില്‍ എഴുതിചേര്‍ക്കാന്‍ കഴിയും?ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിന്യായം എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചു വെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിയുടേതടക്കം സമയപരിധിയില്‍ എങ്ങനെ കടന്നുകയറി ഒരു കോടതിക്ക് വിധി പുറപ്പെടുവിക്കാനാകുമെന്ന ചോദ്യവും വാദത്തിനിടെ കേന്ദ്രം ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.
Move to file review petition against SUPREME Court verdict