കൊൽക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ ബംഗാളിൽ നടക്കുന്ന സംഘർഷത്തിൽ ഇതുവരെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പശ്ചിമബംഗാളിലെ വിവിധ ഇടങ്ങളിലെ സംഘർഷം രൂക്ഷമായി തുടരുകയാണ്. മുർഷിദാബാദിലാണ് സംഘർഷം ഏറ്റവും രൂക്ഷമായത്. ജില്ലയിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ ശനിയാഴ്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.
മുർഷിദാബാദ് ജില്ലയിലുണ്ടായ സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘർഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു.
Three people have died in the clashes so far