കൊല്ലം: മുൻ ഗവ.പ്ലീഡർ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ പി.ജി. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.
P.G. Manuv was found dead in his house