ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ സുരക്ഷാ ആശങ്കകൾ മുന്നിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച (മെയ് 10) പുലർച്ചെ 5.29 വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, ഭുണ്ഡ്‌ലി, ഭുരബന്ദ്, രാജ്‌കോട്ട്, ഭുരബന്ദ്, പ്‌ളോർജ്‌ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു.
ജമ്മു കശ്മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ പ്രത്യാക്രമണം നടത്തുമെന്ന ജാഗ്രതയിൽ, രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് ഹൈ അലര്‍ട്ടിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. അതേസമയം പാകിസ്ഥാൻ വിമാനക്കമ്പനികളും 147 വിമാന സർവ്വീസുകൾ റദ്ദാക്കി.
അതിനിടെ പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
Delhi