ദില്ലി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലെത്തി സൈനികരെ കണ്ടു. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.
ചിനാർ കോർപ്സിൽ സൈനികരോട് സംസാരിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായിരുന്ന അതിർത്തി ഗ്രാമങ്ങളിലേക്കും പ്രതിരോധ മന്ത്രി എത്തുന്നുണ്ട്. കര, വ്യോമസേന മേധാവിമാരും അതിര്‍ത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലെത്തി സൈനികരെ കണ്ടു. ഇതിനിടെ, കാശ്മീരിൽ ഭീകര വേട്ട ശക്തമാക്കി സൈന്യം. നാദറിൽ മൂന്നു പാക് ഭീകരരെ വധിച്ചതായി റിപ്പോർട്ട്.
കൊല്ലപ്പെട്ടവരിൽ ഒരാൾ പഹൽഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നൽകിയ ഭീകരനാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയാണ്. ഇതിനിടെ, ഭീകരസംഘടന ടിആര്‍എഫിനെതിരായ തെളിവുകൾ ഇന്ത്യ യുഎന്നിന് കൈമാറി.
Sreenagar