തലശ്ശേരി : കിഫ്ബി സഹായത്തോടെ തലശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന കടൽപ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി മെയ് അവസാനത്തോടെ ടെണ്ടർ ചെയ്യാൻ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എലിവേറ്റഡ് വാക് വേയും ചരിത്രമുറങ്ങുന്ന കടൽപ്പാലം മുതൽ ജവഹർ ഘട്ട് വരെയുള്ള പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും പൂർത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കർ പറഞ്ഞു.
രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക് വേയാണ് തലശ്ശേരിയിൽ ഇതോടെ യാഥാർഥ്യമാകുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ മുഖേനെ ഇ പി സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
സ്പീക്കറുടെ ചേംബറിൽ നടന്ന യോഗത്തിൽ കിഫ്ബി സീനിയർ ജനറൽ മാനേജർ പി. ഷൈല, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ ശോഭ, ചീഫ് എഞ്ചിനിയർ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ അർജുൻ എന്നിവർ പങ്കെടുത്തു.
Thalassery