തിരുവനന്തപുരം : ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്‌ലിന്‍ ദാസിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യ ഹര്‍ജില്‍ പ്രാഥമിക വാദമാണ് ഇന്ന് മജിസ്‌ട്രേറ്റ് കോടതി കേട്ടത്. ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടുവെന്നും പ്രശ്‌നത്തില്‍ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയ്‌ലിന്‍ വാദിച്ചു. അതിനിടയില്‍ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു. തീര്‍ത്തും ഓഫിസ് സംബന്ധമായ പ്രശ്‌നം മാത്രമാണെന്നും പ്രതി ബെയ്ലിന്‍ വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല. അഡ്വ. ശ്യാമിലിയെ താക്കീത് ചെയ്യണമെന്ന് മറ്റൊരു അഭിഭാഷക ആവശ്യപ്പെട്ടിരുന്നുവെന്നും ബെയ്‌ലിന്‍ വാദിച്ചു.
അതേസമയം, ബെയ്ലിന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള പ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. റിമാന്‍ഡ് ചെയ്ത ബെയ്‌ലിനെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പ്രതികരിച്ചു.
Advbailindasremanded