തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്‍റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Trolingatkerala