കണ്ണൂർ : കാപ്പാടു സ്വദേശിയായ ആംബുലൻസ്ഡ്രൈവർ സജീറിന്റെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനമേകി ഒരു നാട്. അപകടത്തിൽപ്പെട്ടു റോഡിൽ കിടക്കുകയായിരുന്ന 19കാരിക്കാണു സജീറിന്റെ സമയോചിതമായ ഇടപെടൽ തുണയായത്. ജൂൺ 30നു രാത്രിയായിരുന്നു അപകടം. വിവരമറിഞ്ഞയുടൻ ആംബുലൻസുമായി സജീർ സംഭവസ്ഥലത്തെത്തി.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടക്കുകയായിരുന്നു ആ 19കാരി. കാലാകട്ടെ ഒടിഞ്ഞുതൂങ്ങിയനിലയിലും. യുവതിയെ ആ രീതിയിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയില്ലെന്നു മനസ്സിലാക്കിയപ്പോൾ സജീർ ഉടുത്തിരുന്ന മുണ്ടഴിച്ച് കാൽ കൃത്യമായി കെട്ടി പ്രാഥമികചികിത്സ ഉറപ്പാക്കി. തുടർന്നു യുവതിയുമായി ആശുപത്രിയിലേക്ക്.

സജീറിന്റെ സമയോചിതമായ ഇടപെടലാണു 19കാരിയുടെ തുടർച്ചികിത്സയിൽ നിർണായകമായതെന്നു ഡോക്ടർത്തന്നെ സാക്ഷ്യപ്പെടുത്തി. ആംബുലൻസ്ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചപ്പോൾ രോഗികളെ പരിചരിക്കുന്നതിനെക്കുറിച്ചു ലഭിച്ച ക്ലാസ്സാണ് സജീർ ജോലിക്കിടെ പ്രയോഗികമാക്കിയത്.
Ambulancedriver