കണ്ണൂർ : ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും വലിയ ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി.പുനരധിവാസമേഖല 13-ാം ബ്ലോക്കിൽ കണ്ടെത്തിയ ആനകളെ ജനവാസമേഖലയിലൂടെ ഓടച്ചാൽ വഴി കോട്ടപ്പാറയിലൂടെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടു. മാസങ്ങൾക്ക് മുമ്പ് പുനരധിവാസമേഖലയിൽനിന്ന് ദമ്പതിമാരെ ചവിട്ടിക്കൊന്നത് മോഴയാനയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ വീട്ടിനോടുചേർന്നുള്ള പത്തോളം കുടിലുകളും തകർത്തിരുന്നു. കൃഷികൾക്കും വലിയ നാശം വരുത്തിയിരുന്നു.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം രാവിലെയാണ് ആന തുരത്തൽ ദൗത്യം ആരംഭിച്ചത്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻരാജ്, ആർആർടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി, കീഴ്‌പ്പള്ളി, മണത്തണ, ആറളം വൈൽഡ് ലൈഫ് പരിപ്പ്തോട് സെക്ഷൻ എന്നിവിടങ്ങളിലെ 20-ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.
Aaralamfam