കണ്ണൂർ : കർക്കിട വാവ് ദിനത്തിൽ പിതൃ മോക്ഷ പ്രാപ്തിക്കായി ആയിരങ്ങളാണ് മലയോരത്തെ വിവിധ അമ്പലങ്ങൾ കേന്ദ്രീകരിച്ച് ബലിതർപ്പണം നടത്തിയത്.
കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് അഥവാ പിതൃദിനം എന്ന പേരിൽ ഹിന്ദു വിശ്വാസികൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. പ്രധാനമായും മഹാവിഷ്ണു, മഹാദേവൻ എന്നിവർ മുഖ്യ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് കാണപ്പെടുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ചോറ് അല്ലെങ്കിൽ ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക.
കാലവർഷം കനത്തതിനാൽ പുഴകളിൽ ബലിതർപ്പണം നടത്തുന്നതിന് ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ സുരക്ഷയും നൽകി. അപകട സാഹചര്യങ്ങൾ കൂടുതലായുള്ള ഇരിട്ടി നിലയ പരിധിയിലെ കീഴൂർ കടവ്, വയത്തൂർ കടവ്, പയ്യാവൂർ മൂർത്തിക്കടവ് എന്നിവിടങ്ങളിൽ ഇരുപത്തഞ്ചോളം വരുന്ന ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് സുരക്ഷ ഒരുക്കിയത്. വലിയ തിരക്ക് അനുഭവപ്പെട്ട മേഖലകളിൽ സേനാംഗങ്ങൾ ജാഗ്രത പുലർത്തി.
Kannur