ഇരിട്ടി : ഇരിട്ടി കുന്നും മണ്ണിടിച്ചിൽ ഭീതിയിൽ.. മൂന്നിലധികം സ്ഥലങ്ങളിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു.ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പാലത്തിന് സമീപത്തുള്ള ഇരിട്ടി കുന്നും മണ്ണിടിച്ചിൽ ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മൂന്നിലധികം സ്ഥലങ്ങളിലാണ് ചെറിയതോതിൽ മണ്ണടിച്ചിൽ സംഭവിച്ചിട്ടുള്ളത്. ഇടിഞ്ഞു വീണ മണ്ണ് ഓവുചാലിൽ വീണതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഒരാഴ്ച മുൻപാണ് ഓവുചാല്‍ വൃത്തിയാക്കുന്ന പ്രവർത്തി പൂർത്തിയായത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ചെത്തി ഇറക്കിയ കുന്നിന്റെ മുകൾ ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. ഇനിയും ഇതുപോലെ മഴ തുടർച്ചയായി പെയ്താൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ അപകട സാധ്യത കൂടുതലാണ്.. കുന്നിന്റെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്ന് പായം പഞ്ചായത്ത് നിരോധിച്ചിട്ടും നിരവധി വാഹനങ്ങൾ ആണ് കുന്നിന്റെ താഴെ പാർക്ക് ചെയ്തിട്ടുള്ളത്. ഇരിട്ടി പാലം മുതൽ റസ്റ്റ് ഹൗസ് വരെയുള്ള ഭാഗങ്ങൾ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ്. അടിയന്തര സുരക്ഷ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓരോ മഴക്കാലവും ഭയത്തോടെ വേണം യാത്രക്കാർ ഇതുവഴി പോകേണ്ടത്.
Iritty