---
title: "സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി"
english_title: "Gst "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167503/gst"
published_at: "2023-12-06T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570a09c0cd3d_n56296252017018798560022e37cd7aa8f7f8cff91a546f9cde5f3edc6f37bc9d3e60ccdadbd023f10ead14.jpg"
keywords: []
---

# സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി

> **Lead Summary:** **തിരുവനന്തപുരം: **കുതിരപന്തയത്തിനും പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്കും ഓണ്‍ലൈൻ ഗെയിമുകള്‍ക്കും 28 ശതമാനം ചരക്കു സേവന നികുതി ഈടാക്കുന്നതിനുള്ള ശിപാര്‍ശ സംസ്ഥാനത്തും നടപ്പാക്കുന്നതിനായി ചരക്കു സേവന നികുതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഓര്‍ഡിനൻസ് കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: **കുതിരപന്തയത്തിനും പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്കും ഓണ്‍ലൈൻ ഗെയിമുകള്‍ക്കും 28 ശതമാനം ചരക്കു സേവന നികുതി ഈടാക്കുന്നതിനുള്ള ശിപാര്‍ശ സംസ്ഥാനത്തും നടപ്പാക്കുന്നതിനായി ചരക്കു സേവന നികുതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഓര്‍ഡിനൻസ് കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനിച്ചു.

അമ്പതാമത്‌ ജിഎസ്‌ടി കൗണ്‍സില്‍ യോഗം കാസിനോ, കുതിരപന്തയം, ഒണ്‍ലൈൻ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത്‌ പന്തയത്തിന്‍റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. 

തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ്‌ സംസ്ഥാന ജിഎസ്‌ടി നിയമത്തില്‍ കൊണ്ടുവരുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്.

ഓണ്‍ലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവില്‍ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുള്ള വ്യവസ്ഥകളും ഓര്‍ഡിനൻസില്‍ ഉള്‍പ്പെടുത്തും. 

ഭേദഗതികള്‍ക്ക്‌ 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനൻസ്‌ ഇറക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167503/gst)