കണ്ണൂർ :ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഇ വി എം, വി വി പാറ്റ് വെയര്‍ഹൗസില്‍ നിന്നും 11 നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് വിതരണം ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലാണ് വിതരണം നടന്നത്. ജില്ലയിലെ 1861 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2229 ബാലറ്റ് യൂണിറ്റ്, 2229 കണ്‍ട്രോള്‍ യൂണിറ്റ്, 2416 വി വി പാറ്റ്, 2540 പേപ്പര്‍ റോള്‍, 2506 വി വി പാറ്റ് ബാറ്ററി, 1961 കണ്‍ട്രോള്‍ യൂണിറ്റ് ബാറ്ററി, 1100 മോക് പോള്‍ സ്റ്റിക്കേഴ്‌സ്, 2200 റിസര്‍വ് സ്റ്റിക്കേഴ്സ് എന്നിവയാണ് വിതരണം ചെയ്തത്.
ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും അയച്ചത്. ഓരോ മണ്ഡലത്തിലും രണ്ട് വീതം കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങള്‍ കൊണ്ടു പോയത്. 11 മണ്ഡലങ്ങളിലെയും എ ആര്‍ ഒമാരാണ് ഇ വി എം ഏറ്റുവാങ്ങിയത്. രാവിലെ 8.30ന് ആരംഭിച്ച വിതരണം വൈകിട്ട് വരെ നീണ്ടു. ഏപ്രില്‍ 16ന് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. 17 മുതല്‍ ഇ വി എം കമ്മീഷനിംഗ് ആരംഭിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് കെ ബാലഗോപാല്‍, ഇ വി എം മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ആഷിക് തോട്ടാന്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Election