കണ്ണൂർ: ജില്ലയിലെ മികച്ച ഒന്നാമത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി. തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂർ സ്കൂളിന് 30,000/- രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നേതൃത്വം നൽകുന്ന ഷിൻസി തോമസ്, സിസ്റ്റർ ഷീജ എബ്രഹാം, യൂണിറ്റ് പ്രതിനിധികളായ അമൽ സെബാസ്റ്റ്യൻ, അലൻ ജിഷി, ആബിദ് അബ്ദുൽ മജീദ്, ആഗ്നസ് മരിയ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയത്.
Kottiyoor IJMHSS received the award for the best 'Little Kites' unit in the district