കൊച്ചി : തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന നടൻ്റെ സംശയം ബലപ്പെടുന്നു. ഇതിനിടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും നിർമ്മാതാവുമായ കണ്ണൂർ സ്വദേശി അനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന.
സൈബർ വിഭാഗം ശേഖരിച്ച സിഡിആർ വിവരങ്ങൾ വഴിത്തിരിവായിട്ടുണ്ട്. പരാതിക്കാരിയായ കോതമംഗലം സ്വദേശിനിയായ യുവതിയുമായി അനന്ദ് പയ്യന്നൂരിനുള്ള അടുപ്പത്തിൻ്റെ തെളിവുകളും പൊലീസ് ശേഖരിച്ചതായാണ് വിവരം. യുവതി ഉന്നയിച്ച ആരോപണങ്ങളിൽ വൈരുദ്ധ്യങ്ങൾ ഏറെയുണ്ട്. പരാതി നൽകുന്നതിന് മുമ്പും ശേഷവും അനന്ദ് പയ്യന്നൂരുമായി അടുപ്പമുള്ള ഇപ്പോൾ കൊച്ചിയിൽ കേന്ദ്രീകരിച്ച കണ്ണൂർ കരിവള്ളൂർ സ്വദേശിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി തവണ കോതമംഗലം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് ദീർഘ നേരം സംസാരിച്ചതിൻ്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച്' സംഘം കഴിഞ്ഞ ആഴ്ച്ച ആലുവ പൊലീസ് ക്യാമ്പിലേക്ക് ആനന്ദ് പയ്യന്നൂരിനെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളിലെ പൊരുത്തകേടും തുടർന്ന് ചില വിലപ്പെട്ട തെളിവുകളും ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശ്ശൂർ പൊലീസ് അക്കാഡമിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. രാവിലെ 10 ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് 6 വരെ തുടർന്നു. ചോദ്യം ചെയ്യൽ അന്വേഷണ സംഘം വീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട്. പൊലീസ് നീരക്ഷണത്തിൽ തന്നെയാണ് ആനന്ദ് തുടരുന്നത്.
നിവിൻ പോളിയെ നായകനാക്കി ആനന്ദ് പയ്യന്നൂർ നിർമ്മാണ ചുമതല നിർവ്വഹിച്ച തമിഴ് ചലച്ചിത്രമായ റിച്ചി കനത്ത സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു. ഇതിൻ്റ സാമ്പത്തിക ബാധ്യതയിൽ പരിഹരിക്കാൻ തൻ്റെ തുടർന്നുള്ള ചില പ്രൊജക്റ്റുകളുമായി ആനന്ദ് നിവിൻ പോളി സമീപിച്ചിരുന്നു. പലവിധ കാരണങ്ങളാൽ നിവിൻ ഇതിൽ നിന്ന് പിൻ മാറിയതിലുള്ള പ്രതികാരവും അന്വേഷണം സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് നടനും ഒരു നിർമ്മാതാവും ഉൾപ്പെടെ ആറ് പേർ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു.
പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്. ദുബായിൽ ശ്രേയ എന്ന യുവതിയാണ് നടനും സംഘത്തിനും തന്നെ പരിചയപ്പെടുത്തിയതെന്നും ദുബായിലെ ഹോട്ടലിൽ 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഈ ദിവസങ്ങളിൽ നടനും നിർമ്മാതാവും ഉൾപ്പെടെ കേരളത്തിൽ തന്നെ ഉണ്ടെന്ന തെളിവ് പുറത്ത് വന്നതോടെ പരാതിക്കാരി മലക്കം മറിഞ്ഞു. തിയ്യതി മാറിയതിന് കാരണം അന്ന് മൊഴി നൽകുമ്പോൾ ഉറക്കപ്പിച്ചിലെന്നാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി മാറ്റി നൽകിയിരിക്കുന്നത്.
യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. അതിനിടെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വിനീതിന് പിന്നാലെ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയിൽ പാർവതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
allegations against Nivin Pauly: Crime Branch questions Anand Payyannur