കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബങ്ങളില്‍നിന്നുള്ളതില്‍ 20 വിദ്യാര്‍ഥികള്‍ക്ക് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് നല്‍കുന്നു. വെള്ളാര്‍മല ഹൈസ്‌കൂളിലെ പതിമൂന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴും വിദ്യര്‍ഥികള്‍ക്കാണ് ഇൻവെർട്ടർ യൂണിറ്റ് നല്‍കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികൾ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചവര്‍ക്കാണ് യൂണിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടത്തും. ഓഫീസ്, ലാബ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വെള്ളാര്‍മല സ്‌കൂളിന് പവര്‍ ബാക്കപ്പ് സിസ്റ്റം നല്‍കും. അസോസിയേഷന്‍ അംഗമായ ജാഫര്‍ അലിയുടെ മകന്റെ പഠനച്ചെലവിനുള്ള സഹായവിതരണവും അന്നു നടത്തും.
ഒന്നിന് 33,000 രൂപ വിലവരുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റെന്ന് ഇവർ പറഞ്ഞു.വയനാട് ജില്ലാ രക്ഷാധികാരി ജോണ്‍ മാതാ, പ്രസിഡന്റ് റോബി ചാക്കോ, വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു, ട്രഷറര്‍ ഒ.വി. രാജേഷ്, കല്‍പ്പറ്റ മേഖലാ പ്രസിഡന്റ് മനു എടപ്പെട്ടി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Landslide tragedy: Free inverter-battery unit to be distributed today