കണ്ണൂർ: ലോകത്ത് എഴുതപ്പെട്ട ഭരണഘടനയിൽ ഏറ്റവും മഹത്തരവും സമ്പൂർണ്ണവും വലുതുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി. ഒരു അമ്മ പെറ്റ മക്കളെപ്പോലെ എല്ലാ ഇന്ത്യക്കാരെയും ഒന്നായി ജീവിപ്പിക്കാൻ പഠിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയെ നാം നെഞ്ചോട് ചേർത്ത് പിടിക്കണം. എന്നാൽ ചിലർ നമ്മുടെ ഭരണഘടനയെ ഭയപ്പെടുന്നു. അങ്ങിനെയുള്ള ഒരു വിഭാഗമാണ് ഇന്ന് ഇന്ത്യാ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. നിർഭാഗ്യവശാൽ അവരുടെ ഭരണത്തിന് കീഴിൽ നമ്മുടെ ഭരണഘടനഭീഷണി നേരിടുകയാണ്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി നേടിയവിജയംഇന്ത്യ ഭരിക്കുന്നവർക്ക് ഒരു പാഠമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കാം എന്ന മോഹിച്ചു നടന്ന അവർക്ക് അത് സാധിക്കാതെ വന്നു.
ആ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ ബിജെപി നേടിയിരുന്നുവെങ്കിൽ നമ്മുടെ ഭരണഘടന ഇന്നത്തെ നിലയിൽ നമുക്ക് സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേദികളിൽ രാഹുൽഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ചാണ് ഇന്ത്യയിലെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചത്. ഭരണഘടന സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 44 വർഷങ്ങൾക്കു മുമ്പ് പ്രിയപ്പെട്ട ഇന്ദിരാജി പാർലമെൻറിൽ ഭരണഘടന ഭേദഗതി കൊണ്ടുവന്ന ആ മൂല്യങ്ങളാണ് ഇപ്പോൾ സുപ്രീംകോടതി ഉയർത്തി കാണിച്ചിട്ടുള്ളത്.ഭരണഘടന ഉയർത്തിപ്പിടിച്ച് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നാം പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യ രാജ്യത്തിൻറെ ഭാവി അപകടപ്പെടുന്ന അവസ്ഥയിലേക്കാണ് നീങ്ങുക. ഫാസിസ്റ്റ് ശക്തികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ആണ് ഇന്ന് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത് അതിനെതിരെ ശക്തമായ നടപടികളുമായി നാം മുന്നോട്ട് പോകേണ്ടതുണ്ട്. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടന മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നാം കാഴ്ചവെക്കണംഅദ്ദേഹം കൂട്ടി ചേർത്തു. യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു.
ഭരണഘടനയുടെ മഹത്വത്തെക്കുറിച്ചും ഭരണഘടന ഇപ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അഡ്വ.ഇ.ആർ. വിനോദ് വിശദീകരണ പ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, സിഎ അജീർ, എം സതീഷ്കുമാർ, ടി.വി.മോഹനൻ, ജയിംസ്പന്നിയായക്കൽ,ഇല്ലിക്കൽഅഗസ്തി, വി.എ.നാരായണൻ, സജീവ്മാറോള, ടി.ഒ.മോഹനൻ, റിജിൽ മാക്കുറ്റി, വി.പി വമ്പൻ, കെ പി താഹിർ, ഇബ്രാഹിംകുട്ടിതിരുവട്ടൂർ, എംപി മുഹമ്മദലി, ബി. കെ അഹമ്മദ്, വി സുരേന്ദ്രൻ മാസ്റ്റർ, വി പുരുഷോത്തമൻ എം എ കരീം, കെ സി മുഹമ്മദ് ഫൈസൽ ജോൺസൺ പി തോമസ്, എം.പി.എ റഹീം പ്രസംഗിച്ചു. ചടങ്ങിൽപങ്കെടുത്തവർ ഭരണഘടനാസംരക്ഷണ പ്രതിജ്ഞയെടുത്തു. അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
kannur