ഇരിട്ടി: ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അറിവ് തേടിയുള്ള അന്വേഷണമാണ് വിദ്യാർഥികൾ നടത്തേണ്ടതെന്നും അതിൽ വിജയം നേടുമ്പോൾ നമുക്ക് ചുറ്റുമുള്ള സങ്കടങ്ങളും വേദനകളും കാണാനും അതിന് പരിഹാരമുണ്ടാക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകം വളരുന്നതിനനുസരിച്ച് മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്ന നിലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും വളരുകയാണ്. സ്വന്തം നന്മയ്‌ക്കൊപ്പം സമൂഹത്തിന്റെ നന്മയ്ക്കും ഉതകുന്നതാക്കി ഈ മാറ്റങ്ങളെ മാറ്റാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാഷ്ട്രങ്ങളിലേക്ക് കുട്ടികൾ പോകുന്നത് സംബന്ധിച്ച ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് കുട്ടികളുടെ ഒഴുക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും മികച്ച വിദ്യാഭ്യാസത്തിന് ലോകത്തെ മികച്ച സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ലെന്നും പക്ഷെ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ചതിക്കപ്പെടാതിരിക്കാനായി മൂന്ന് വട്ടമെങ്കിലും പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോളേജ് യൂണിയൻ ചെർമാൻ ആർബിൻ ബെന്നി അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എം എൽ എ മുഖ്യാതഥിയായിരുന്നു. ഫൈൻ ആട്‌സ് യൂണിയൻ ഗായകൻ മുഹമ്മദ് ഇസ്മായിൽ (പാന്തഹോളിക് ) ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ കെ.വേലായുധൻ, പ്രിൻസിപ്പൽ ആർ. സ്വരൂപ, കോളേജ് ഭരണ സമതി അംഗം സത്യൻ കൊമ്മേരി, കെ.പി. മുരളീധരൻ, ഡോ . ആർ. ബിജുമോൻ, ജയസാഗർ അടിയേരി, അലൻ കുര്യൻ, ആൻസിലിൻ കുര്യൻ, സ്‌റേയ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
opposition leader V.D. Satheesan inaugurated Iritty Mahatma Gandhi College Union