കേളകം: ചീങ്കണ്ണി പുഴ ഡിജിറ്റൽ റീസർവേ വിഷയവുമായി ബന്ധപ്പെട്ട്, കേളകം വില്ലേജിലെ ജനവാസ മേഖലയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയും, പുറമ്പോക്കും, ആനമതിലും കർഷകർ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിരിക്കുന്ന ഭൂമികളും ആറളം വില്ലേജിലേക്ക് ചേർക്കപ്പെട്ട വിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനകളും, പ്രദേശവാസികളും സംയോജിതമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചെട്ടിയാംപറമ്പ് പള്ളി ഓഡിറ്റോറിയത്തിലാണ് ആദ്യ യോഗം ചേർന്നത്. യോഗത്തിൽ ആക്ഷൻ കമ്മിറ്റിയുടെ രക്ഷാധികാരിയായി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎയെ നിശ്ചയിച്ചു.
കൺവീനറായി ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റത്തെ നിശ്ചയിച്ചു. 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളുടെ ആദ്യപടിയായി ബന്ധപ്പെട്ട ഔദ്യോഗിക ഫോറങ്ങളിൽ പരാതികൾ കൊടുക്കുവാനും, നടപടി ആകാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുവാനും തീരുമാനിച്ചു.
Kelakath Cheenkanni River Protection Action Committee Formed