ഇരിട്ടി: ഘടനാപരമായ ജീവിത ശൈലീ മാറ്റങ്ങളിലൂടെ പ്രമേഹവും രക്താതിസമ്മർദ്ദവും നിയന്ത്രിക്കാനുള്ള ആരോഗ്യ വകുപ്പിൻ്റെ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബ്ലോക്കിൽ സമഗ്ര പരിപാടികൾക്ക് രൂപം നൽകി. പത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിൽ 43 ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ജീവിത ശൈലീ നിയന്ത്രണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനായി പ്രമേഹം, രക്താതി സമ്മർദ്ദം എന്നീ രോഗങ്ങൾ സ്ഥിതീകരിച്ചവരുടെ പിയർ ഗ്രൂപ്പുകൾ രൂപീകരിക്കും. ജീവിത രീതിയിൽ വ്യായാമം ഉൾക്കൊള്ളിക്കുക, ഭക്ഷണ ക്രമീകരണങ്ങൾ നടത്തുക, പുകവലി- മദ്യപാനം എന്നീ ശീലങ്ങൾ ഉള്ളവർ അവ കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി ഉപേക്ഷിക്കുക, കൃത്യമായി മരുന്ന് കഴിക്കുക. അരവണ്ണം കുറയ് ക്കുക. ശരീരഭാരം കുറയ്ക്കുക. എന്നിവയാണ് പദ്ധതിയുടെ ലക്ഷങ്ങൾ.
ഇരിട്ടി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘാടകരായ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഹെൽത്ത് സൂപ്രവൈസർ സലീം സി.പി. അദ്ധ്യക്ഷത വഹിച്ചു. ഉളിക്കൽ എഫ് എച്ച് സിയിലെ ഹെൽത്ത് ഇൻസ്പെക്‌ടർ രാജേഷ് വി ജെയിംസ് വിഷയാവതരണം നടത്തി. ഡോ. ഷാന്റി ഫെലിക്‌സ് ക്ലാസിനും സംശയ നിവാരണത്തിനും നേതൃത്വം നൽകി. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ എം.പി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു . നൂറോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
Lifestyle Disease Control In Iritty