പെരിയ : ഇരട്ടക്കൊലക്കേസ് വിധിയോട് വൈകാരികമായാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ പ്രതികരണം. പൊട്ടിക്കരഞ്ഞാണ് കുടുംബാംഗങ്ങൾ വിധിയുടെ വിശദാംശങ്ങൾ കേട്ടത്. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിതുമ്പലോടെ പ്രതികരിച്ചു.
ഇരട്ട ജീവപര്യന്തത്തിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. ശിക്ഷ ചെറുതായി പോയി, അപ്പീൽ പോകുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു. പ്രതീക്ഷിച്ചത് വധശിക്ഷയാണെന്ന് ശരത് ലാലിന്റെ സഹോദരി അമൃതയും പ്രതികരിച്ചു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികൾക്കാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചത് . ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇതു കൂടാതെ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്.
2019 ഫെബ്രുവരി 17-നാണ് കൃപേഷിനെയും ശരത്ത്‌ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
Periyamurdercase