മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാഞ്ചീരി കന്നിക്കൈ വരെ ഇവർ ജീപ്പിലെത്തി. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7 മണിക്കാണ് ആക്രമണം ഉണ്ടായത്. 9.30ന് ആണ് വനപാലകർക്ക് സംഭവത്തിൻറെ വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Aksaseendren